കനാലിൽ മാലിന്യം തള്ളിയ ആൾ അറസ്റ്റിൽ

ചാവക്കാട്∙ എടക്കഴിയൂർ വളയംതോട്ടിലെ കനാലിലേക്ക് മാലിന്യം തള്ളിയയാളെ പൊലീസ് പിടികൂടി. പെരുമ്പിലാവ് കരിക്കാട് തട്ടാരക്കുന്നത്ത് വീട്ടിൽ ഷാഹിദിനെയാണ്(26) ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാലിന്യം തള്ളാൻ ഉപയോഗിച്ച ലോറിയും പൊലീസ് പിടികൂടി.

ജൂൺ മൂന്നിനാണ് സംഭവം.കനോലികനാലിന്റെ കൈവഴിയിലേക്കാണ് മാലിന്യം തള്ളിയത് .സമീപത്തെ പാടത്തും ശുചിമുറി മാലിന്യം അടക്കമുള്ളവ തള്ളിയിട്ടുണ്ട്.നാട്ടുകാർ ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നു. പുന്നയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

പുന്നയൂർ പഞ്ചായത്ത് നോഡൽ ഓഫിസർ അരുൺ നാരായണന്റെ നേതൃത്വത്തിൽ ഈ ടാങ്കർ ലോറി കണ്ടെത്തുകയും ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. വാഹനം കോടതിയിൽ ഹാജരാക്കി. എഎസ്ഐ അൻവർ സാദത്ത്, സിപിഒ മാരായ ഇ.കെ.ഹംദ്, മെൽവിൻ, വിനീത്, രൺദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാലിന്യം പൊതുസ്ഥലത്ത് തള്ളുകയും വലിച്ചെറിയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി യുണ്ടാകുമെന്ന് പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി എൻ.വി.ഷീജ അറിയിച്ചു.

Leave A Reply