തൃക്കാക്കര നഗരസഭ: സ്വതന്ത്രർ അവിശ്വാസ നോട്ടീസ് നൽകി

തൃക്കാക്കര: യു.ഡി​.എഫ് ഭരി​ക്കുന്ന തൃക്കാക്കര നഗരസഭയി​ൽ എൽ.ഡി​.എഫ് പി​ന്തുണയോടെ അവിശ്വാസ പ്രമേയത്തിന് സ്വതന്ത്ര അംഗങ്ങളുടെ നോട്ടീസ്. ചെയർപേഴ്സൻ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി എന്നിവർക്കെതിരായ നോട്ടീസി​ൽ സ്വതന്ത്ര കൗൺസിലർമാരായ ഇ.പി. കാദർ കുഞ്ഞ് അവതാരകനും വർഗീസ് പ്ലാശ്ശേരി അനുവാദകനുമാണ്. ഇന്നലെ വൈകിട്ട് നാലരയോടെ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.എം. ഷഫീക്കിന് കത്ത് കൈമാറി​. ബുധനാഴ്ച അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ചയുണ്ടാകുമെന്നാണ് സൂചന. അജിത തങ്കപ്പൻ ചെയർപേഴ്സൺ സ്ഥാനം നാളെ രാജിവച്ചേക്കും.
കോൺഗ്രസ് വിമത ഓമന സാബു ഇടത് പിന്തുണയോടെ പുതിയ ചെയർപേഴ്സണായേക്കും. സ്വതന്ത്ര കൗൺ​സി​ലർമാർക്കി​ടയിലെ ധാരണപ്രകാരം അബ്ദു ഷന ആദ്യ ഒരുവർഷവും ഇ.പി കാദർ കുഞ്ഞ്, വർഗീസ് പ്ലാശ്ശേരി എന്നിവർ പി​ന്നീടും വൈസ് ചെയർമാൻ സ്ഥാനം വീതിച്ചെടുക്കും.ചെയർപേഴ്സൺ​ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് എ – ഐ ഗ്രൂപ്പ് വടം വലി തുടരുന്നതിനിടെയാണ് നഗരസഭ ഭരണം യു.ഡി.എഫിന് നഷ്ടമാകാൻ വഴി​യൊരുങ്ങുന്നത്. സ്വതന്ത്ര കൗൺ​സി​ലർമാരെ എൽ.ഡി.എഫ് പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 43 അംഗ തൃക്കാക്കര നഗരസഭയിൽ യു.ഡി.എഫിന് 21, എൽ.ഡി.എഫിന് 17, കോൺഗ്രസ് വിമതർ അഞ്ച് എന്നിങ്ങനെയാണ് അംഗ സംഖ്യ. വിമതരെ ഒപ്പം കൂട്ടി കഴിഞ്ഞ രണ്ടര വർഷം ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ നഗരസഭ ഭരിച്ചു. മുൻ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന്റെ രാധാമണി പിള്ളയ്ക്ക് ചെയർപേഴ്സൺ സ്ഥാനം വിട്ടുകൊടുക്കാൻ അജിത തയ്യാറായില്ല.കഴിഞ്ഞ ദിവസം സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി ഉദയകുമാറിനെ കണ്ട് സ്വതന്ത്ര കൗൺസിലർമാർ ചർച്ച നടത്തിയിരുന്നു. തുടർന്ന് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസിൽ ഇവരുടെ ഒപ്പ് വാങ്ങുകയും ചെയ്തു.ഇടത് പിന്തുണയിൽ നഗരസഭ ഭരിക്കുമെന്ന് സ്വതന്ത്ര കൗൺസിലർമാരായ ഇ.പി കാദർ കുഞ്ഞ്, അബ്ദു ഷന, വർഗീസ് പ്ലാശ്ശേരി, ഓമന സാബുഎന്നിവർ അവകാശപ്പെട്ടു. മറ്റൊരു സ്വാതന്ത്രനായ പി.സി മനൂപ് നേരത്തെ മുതൽ ഇടതു മുന്നണിക്കൊപ്പമാണ്. വിമതരിൽ ഒരാളെയെങ്കിലും ഒപ്പം കൂട്ടിയാൽ യു.ഡി.എഫിന് ഭരണം നിലനിർത്താനാകും. അതി​നുള്ള ശ്രമത്തി​ലാണ് കോൺ​ഗ്രസ് ജി​ല്ലാ നേതൃത്വം.
കക്ഷി​നി​ലയു ഡി എഫ് -21
എൽഡിഎഫ്-17
സ്വതന്ത്രർ – 5

Leave A Reply