ആറ്റിൽ ചാടി നീന്തിനടന്ന മോഷ്ടാവിനെ പൊലീസ് വള്ളത്തിലെത്തി പിടിച്ചു

കോഴഞ്ചേരി ∙ പൊലീസിനെ കണ്ട് ആറ്റിൽ ചാടി അരമണിക്കൂർ നീന്തിനടന്ന മോഷ്ടാവിനെ വള്ളത്തിലെത്തി പിടികൂടി. ക്ഷേത്രവഞ്ചികൾ കുത്തിത്തുറന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയിൽ വീട്ടിൽ മാത്തുക്കുട്ടി മത്തായിയെയാണ് (വാവച്ചൻ 52) ആറന്മുള പൊലീസ് പിടികൂടിയത്.കയ്യിലുണ്ടായിരുന്ന ചാക്കിലെ പണം മറ്റൊരു ബാഗിലേക്ക് മാറ്റുന്നതിനിടെ സംശയം തോന്നിയ പൊലീസ് സംഘം ചന്തക്കടവ് റോഡിൽ മാത്തുക്കുട്ടിയെ വളയുകയായിരുന്നു. എന്നാൽ, പൊലീസിനെ വെട്ടിച്ച് ഇയാൾ പമ്പയാറ്റിലേക്ക് ചാടി അക്കരയ്ക്കു നീന്തി. എന്നാൽ പൊലീസ് വള്ളത്തിൽ ചെന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി പൊളിച്ച് പണംകവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മാത്തുക്കുട്ടി മത്തായിയാണെന്ന് വ്യക്തമായത്.

ഇന്നലെ രാത്രി ചോറ്റാനിക്കര റെയിൽവേ സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് കവർന്ന പൈസയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.നാണയങ്ങളും നോട്ടുകളും ചാക്കിലാക്കി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ, ഇന്നലെ പുലർച്ചെ 5.45ന് ട്രെയിനിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലിറങ്ങി. ഓട്ടോറിക്ഷയിൽ തിരുവല്ലയിലും പിന്നീട് കോഴഞ്ചേരിയിലുമെത്തുകയായിരുന്നു. അവിടെ നിന്നു ബാഗ് വാങ്ങി പണം അതിലേക്ക് മാറ്റുമ്പോഴാണ് പൊലീസ് എത്തുന്നത്. 8,588 രൂപ ഇയാളിൽ നിന്നു കണ്ടെടുത്തു.എടത്വ സ്റ്റേഷനിൽ 6 മോഷണക്കേസുകളും തിരുവല്ലയിൽ ഒരു കേസുമുണ്ട്. ഷൊർണൂർ, കാഞ്ഞങ്ങാട്, ചിങ്ങവനം, പരപ്പനങ്ങാടി, കൊല്ലം, ശാസ്താംകോട്ട, കല്ലിശേരി എന്നിവിടങ്ങളിലെ അമ്പലങ്ങളുടെ വഞ്ചികളിൽ നിന്നും പണം അപഹരിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു.ആലപ്പുഴ സബ് ജയിലിൽ മൂന്ന് വർഷവും പത്തനംതിട്ട സബ് ജയിലിൽ ഒരു വർഷത്തോളവും റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.ചോറ്റാനിക്കരയിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയുമായി ആറന്മുള പൊലീസ് സംഘം ഇന്നലെ തിരിച്ചു. പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ അലോഷ്യസ്, സന്തോഷ് കുമാർ, എഎസ്ഐമാരായ നെപ്പോളിയൻ, അജി, എസ‌്സിപിഒ നാസർ, സിപിഒമാരായ രാജഗോപാൽ, ഫൈസൽ, ബിനു ഡാനിയേൽ, ഹോം ഗാർഡ് അനിൽ എന്നിവരാണുള്ളത്.

Leave A Reply