നയ്പിഡോ: ഇന്ത്യയും മ്യാന്മാറും തമ്മിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്തി. രണ്ട് ദിവസത്തെ പര്യടനത്തിനായി മ്യാൻമറിലെത്തിയ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും മ്യാൻമറിന്റെ ചെയർമാനും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ സീനിയർ ജനറലുമായ മിൻ ഓങ് ഹ്ലെയിങ്ങും തമ്മിൽ തലസ്ഥാനമായ നയ്പിഡോയിൽ ആയിരുന്നു ചർച്ച. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലെ ശാന്തത നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അതിർത്തി കടന്നുണ്ടാകുന്ന അനധികൃത നീക്കങ്ങളും ചർച്ചയിൽ വിഷയമായി.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ, മ്യാൻമർ പ്രതിരോധ മന്ത്രി റിട്ട. ജനറൽ മിയ തുൻ ഒയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിന് പുറമെ മ്യാൻമർ നേവി കമാൻഡർ ഇൻ ചീഫ് അഡ്മിറൽ മോ ഓങ്, പ്രതിരോധ വ്യവസായ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാൻ മ്യിന്ത് താൻ എന്നിവരെയും അദ്ദേഹം കണ്ട് സംസാരിച്ചു. ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മ്യാൻമറിലെ മുതിർന്ന നേതൃത്വത്തെ അറിയിക്കാൻ സന്ദർശനം അവസരമൊരുക്കിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.