മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് കഴിഞ്ഞ ദിവസം ഏക്നാഥ് ഷിന്ദെയ്ക്കൊപ്പം ചേർന്ന യുവസേന നേതാവും ആദിത്യ താക്കറെയുടെ ഏറ്റവും അടുത്ത അനുയായിയുമായിരുന്ന രാഹുൽ കനാൽ. സുശാന്ത് സിങ്ങിന്റേയും അദ്ദേഹത്തിന്റെ മുൻ മാനേജൻ ദിഷ സാലിയന്റെയും മരണത്തിൽ രാഹുലിന് പങ്കുണ്ട് എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരണത്തിൽ മുഖ്യമന്ത്രിയോട് വിശദാന്വേഷണം ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘സുശാന്ത് സിങ് രാജ്പുതിന്റേയും അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ പാർട്ടിയിൽ ചേർന്നത് എന്ന് നാളെ ജനങ്ങൾ പറഞ്ഞേക്കാം. എന്നാൽ എനിക്ക് പറയാനുള്ളത് ഈ വിഷയത്തിൽ അന്വേഷണം നടക്കണമെന്നാണ്. കേസിൽ എന്റെ പേര് ഉയർന്നു വരികയാണെങ്കിൽ എന്നെ ഷൂസ് കൊണ്ടടിക്കാം. കേസിൽ വിശദാന്വേഷണത്തിന് വേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോകും’ – രാഹുൽ പറഞ്ഞു.