ലണ്ടൻ: മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അടുപ്പമുള്ള ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രി സാക്ക് ഗോൾഡ്സ്മിത്ത് രാജിവെച്ചു. കാലാവസ്ഥ പ്രശ്നങ്ങളോട് നിലവിലെ സർക്കാർ നിസ്സംഗത കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് രാജി. പ്രധാനമന്ത്രി ഋഷി സുനക്ക് പരിസ്ഥിതിയോട് താൽപര്യമില്ലാത്തയാളാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തോട് സർക്കാർ കാണിക്കുന്ന നിസ്സംഗത പദവിയിൽ തുടരാനുള്ള താൽപര്യമില്ലാതാക്കുന്നതായി രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരിക്കേയാണ് ഇദ്ദേഹത്തെ പ്രഭുസഭയിലേക്ക് തെരഞ്ഞെടുത്തത്.
കോവിഡ് കാലത്ത് നടത്തിയ വിരുന്നിൽ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജോൺസൺ പാർലമെന്റിനോട് നുണപറഞ്ഞോ എന്ന് പരിശോധിക്കുന്ന സമിതിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചില എം.പിമാർ ഇദ്ദേഹമുൾപ്പെടെ ബോറിസ് ജോൺസൻ അനുകൂലികളായ എട്ട് പേർക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് രാജി.