ഹജ്ജ് പരിസമാപ്തിയിലേക്ക്

മിനാ : ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ അവസാനഘട്ടത്തിലേക്ക്. വെള്ളിയാഴ്ച ജംറകളിൽ അവസാനത്തെ കല്ലേറുകർമംകൂടി പൂർത്തിയാക്കി അസ്തമയത്തിനുമുന്പുതന്നെ ഒട്ടുമിക്ക തീർഥാടകരും മിനായിൽനിന്ന് മടങ്ങി. മിനായിൽ തങ്ങുന്ന ചുരുക്കംചില തീർഥാടകർ ശനിയാഴ്ചത്തെ കല്ലേറുകർമംകൂടി പൂർത്തിയാക്കിയശേഷമേ മടങ്ങുകയുള്ളൂ.

അതോടെ മിനാതാഴ്വാരം ഒഴിയും. മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) പൂർത്തിയാകുന്നതോടെയാണ് ഹജ്ജിന് സമാപനമാകുക. കല്ലേറുകർമം പൂർത്തിയാക്കിയ ഭൂരിഭാഗം പേരും മദീനയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ആഭ്യന്തരതീർഥാടകരും വിവിധ കൂട്ടായ്മകൾക്കുകീഴിൽ സേവനത്തിനെത്തിയ സന്നദ്ധപ്രവർത്തകരിൽ ഭൂരിഭാഗവും വെള്ളിയാഴ്ചതന്നെ മിനായിൽനിന്ന് മടങ്ങിയിരുന്നു.

ഹജ്ജ് സർവീസ് ഏജൻസികൾക്കുകീഴിൽ വ്യത്യസ്തസംഘങ്ങളായി കല്ലേറിനും പ്രദക്ഷിണത്തിനും സൗകര്യമൊരുക്കിയത് സുഗമമായി കർമങ്ങൾ നിർവഹിക്കാൻ സഹായകമായി. 18,45,045 തീർഥാടകരാണ് പ്രയാസങ്ങളില്ലാതെ ഇത്തവണ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയത്. കോവിഡ് കാലത്തിന് മുൻപുള്ളതുപോലെയായിരുന്നു തിരക്ക്.

Leave A Reply