ഇടുക്കി: മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണ വിഷയത്തില്‍ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ അതിരൂക്ഷവിമര്‍ശനവുമായി എം എം മണി. കള്ളനെ കാവല്‍ ഏല്‍പ്പിച്ചതിന് സമാനമാണ് ഹൈക്കോടതിയുടെ നടപടിയെന്നാണ് എം എം മണിയുടെ വിമര്‍ശനം. മലയോര ജനതക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്നും എം.എം.മണി പറഞ്ഞു. ഹൈക്കോടതി തീരുമാനം പുനപരിശോധിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.
മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണത്തിലും പരിസ്ഥിതിവിഷയങ്ങളിലുമാണ് കോടതി അഡ്വ ഹരീഷ് വാസുദേവിനെ അമിക്കസ് ക്യൂരിയായി നിയമിച്ചിരിക്കുന്നത്. സിപിഎം ജില്ലാ നേതൃത്വം ഇതില്‍ മുന്‍പ് തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതാണ്. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുകള്‍ നടത്തി ഹരീഷ് വാസുദേവിനെ മാറ്റണമെന്ന് സിപിഎം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതിവാദിയാണെന്ന് പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും മുന്‍പ് വിമര്‍ശിച്ചിരുന്നു. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുത്താന്‍ സാധിക്കില്ലെന്നും ഹര്‍ജിക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.