‘ഒരു നിലപാട് പറയു….’; ഏകീകൃത സിവിൽകോഡ് നിയമം, നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ്

ഡൽഹി: ഏകീകൃത സിവിൽകോഡിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ് നയരൂപീകരണ സമിതി. കരട് പുറത്തിറങ്ങുകയോ, ചർച്ചകൾ നടത്തുകയോ ചെയ്താൽ അപ്പോൾ പരിശോധിച്ച് നിലപാടറിയിക്കാമെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഏകീകൃത സിവിൽകോഡ് ബില്ലിലെ നീക്കങ്ങളുടെ ഭാഗമായി പാർലമെന്റിന്റെ നിയമ സ്റ്റാൻഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ സമിതി ചേർന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദമുള്ളപ്പോൾ തന്നെ തൽക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വം ധാരണയിലെത്തിയത്.

ഏകീകൃത സിവിൽകോഡ് അപ്രായോഗികമെന്ന് മുൻ നിയമ കമ്മീഷൻ നിലപാട് അറിയിച്ച സാഹചര്യത്തിൽ പുതിയ കമ്മീഷനെ നിയോഗിച്ചതും അഭിപ്രായങ്ങൾ തേടിയതും ബി.ജെ.പിയുടെ ധ്രുവീകരണത്തിനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 15ന് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ നിലപാടാണ് കോൺഗ്രസ് മുമ്പോട്ട് വച്ചത്. ഈ ന്യായീകരണം ഉന്നയിക്കുമ്പോൾ തന്നെ ഏകീകൃത സിവിൽകോഡ് വേണോ, വേണ്ടയോ എന്ന് കൃത്യമായി നേതൃത്വം പറയുന്നില്ല. ചർച്ച ചെയ്തു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Leave A Reply