തമിഴ്നാട്ടിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്സുകളുടെ ഫീസ് വർധിപ്പിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് പ്രതിവർഷം 18,093 രൂപയും ബി.ഡി.എസിന് 16,073 രൂപയുമാണ് ഫീസ്. കഴിഞ്ഞവർഷം ഇവ യഥാക്രമം 13,610 രൂപയും 11,610 രൂപയുമായിരുന്നു. ഇ.എസ്.ഐ. മെഡിക്കൽ കോളേജിൽ ചേരുന്നവർക്ക് ഫീസ് ലക്ഷം രൂപയാക്കി നിജപ്പെടുത്തി.
സ്വകാര്യ സ്വാശ്രയ കോളേജുകളിൽ സർക്കാർ അലോട്മെന്റിൽ എം.ബി.ബി.എസ്. കോഴ്‌സിന് 4.35 ലക്ഷം മുതൽ 4.50 ലക്ഷം രൂപ വരെയാണ് വാർഷികഫീസ്. മുൻവർഷത്തെ അപേക്ഷിച്ച് 50,000 രൂപ മുതൽ 90,000 രൂപ വരെയാണ് വർധന. അഡ്മിനിസ്ട്രേറ്റീവ് ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് കഴിഞ്ഞവർഷം വരെ സ്വകാര്യകോളേജുകളിൽ എം.ബി.ബി.എസിന് പ്രതിവർഷം 12,50,000 രൂപയുണ്ടായിരുന്ന ഫീസ് ഈവർഷംമുതൽ 13,50,000 രൂപയാക്കി.
എൻ.ആർ.ഐ. ക്വാട്ടയിൽ ഫീസ് നിരക്ക് കഴിഞ്ഞവർഷത്തെക്കാൾ ലക്ഷം രൂപ വർധിപ്പിച്ച് 24,50,000 രൂപയാക്കി ഉയർത്തി. പത്തുവർഷത്തിനുശേഷമാണ് തമിഴ്‌നാട്ടിൽ മെഡിക്കൽ കോഴ്‌സ് പഠനത്തിനുള്ള ഫീസിൽ വർധനയേർപ്പെടുത്തുന്നത്.