കിഴക്കമ്പലം: പട്ടിമറ്റം കോലാംകുടിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ 4 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം സ്വദേശികളായ താമരച്ചാലിൽ അഖിൽ മോഹൻ (34), പൂഞ്ഞിപ്പാറയിൽ പി.എ. അനീഷ് (39), ആലപ്പുഴ ചിങ്ങോലി ഇല്ലത്ത് തെക്കേതിൽ ശ്യാംലാൽ (27), മാവേലിക്കര പെരിങ്ങേലിപുരം വലിയ തറയിൽ അനീഷ് കുമാർ (42) എന്നിവരാണു പിടിയിലായത്.
നിലമ്പൂരിൽനിന്നു ലഭിച്ച ആനക്കൊമ്പ് 5 ലക്ഷം രൂപയ്ക്കു മറ്റൊരു സംഘത്തിനു വിൽക്കാനായിരുന്നു ശ്രമം. വീടു വളഞ്ഞാണു പ്രതികളെ പിടികൂടിയത്. അനീഷിന്റെ തറവാട്ടുവീട്ടിൽ വച്ച് ആലപ്പുഴ സ്വദേശികൾക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു നീക്കം. അഖിൽ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്. അന്വേഷണങ്ങൾക്കൊടുവിൽ ആലപ്പുഴയിൽനിന്ന് ഇടപാടുകാരെ കണ്ടെത്തി. 5 ലക്ഷം രൂപയ്ക്ക് ഇടപാടുറപ്പിച്ചു. കൊമ്പ് വാങ്ങാൻ ആലപ്പുഴയിൽനിന്നു കാറിലാണു ശ്യാംലാലും അനീഷും എത്തിയത്.