തൃശൂർ: യുവജനതയുടെ കർമ്മശേഷിയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിന് എതിരെ ക്രിയാത്മകവും സർഗാത്മകവുമായ സമീപനം കൈക്കൊള്ളണം. കലാലയങ്ങളിലെയും സ്കൂളുകളിലെയും മുതിർന്ന തലമുറ അവരുടെ ഇളം തലമുറയുടെ സംരക്ഷകരായി, കാവൽഭടന്മാരായി നിന്നുകൊണ്ട് വഴി നടത്താൻ പ്രാപ്തരാവണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം സുമാനസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുന്ന നിരവധി പദ്ധതികള്‍ എന്‍.എസ്.എസ്. ആവിഷ്ക്കരിച്ചിട്ടുണ്ട്. ലഹരിക്കെതിരെ ആസാദ് സേന രൂപീകരിച്ചതും ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആയിരത്തില്‍പ്പരം വീടുകള്‍ പണിപൂര്‍ത്തീകരിച്ചതും മികച്ച നേട്ടങ്ങളാണ്.വയോജനപരിപാലനത്തിലും ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജന്‍ഡറുകള്‍ ഉള്‍പ്പടെയുള്ള ജനസമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിലും എന്‍.എസ്.എസ്- ന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. മല്‍സരാധിഷ്ഠിതമായ പുതിയകാലത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സാമൂഹിക ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ യുവാക്കളെ പരിശീപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മാലിന്യ സംസ്കരണത്തിന് സഹായകമായ നൂതനമായ ആശയങ്ങളോ പദ്ധതികളോ മുന്നോട്ടുവയ്ക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു.
സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്‍.എന്‍.അന്‍സര്‍ അദ്ധ്യക്ഷനായിരുന്നു. റീജിയണല്‍ കോര്‍ഡിനേറ്റര്‍ ജി ശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ വിവിധ സെല്ലുകളുടെ കോര്‍ഡിനേറ്റര്‍മാരായ ഡോ.എന്‍.എം.സണ്ണി, ഡോ.സി.ആര്‍. അജിത്ത് സെന്‍, ഡോ.ഇ.എന്‍.ശിവദാസന്‍, ഡോ.സോണി ടി.എല്‍, ഡോ.നഫീസ ബേബി, ജയന്‍ പി. വിജയന്‍, ഡോ. ജേക്കബ് ജോണ്‍, ഡോ. പി. രഞ്ജിത്ത്, ഡോ. രഞ്ജിത്ത്, ഡോ.രമ്യ രാമചന്ദ്രന്‍, ഡോ. ടി.പി സരിത,ഡോ. എ ആർ ശ്രീരഞ്ജിനി,ബ്രഹ്മനായകം മഹാദേവന്‍, സ്മിത രാമചന്ദ്രന്‍, സിനി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.