സ്കൂളിൽ മോഷണം; സിസിടിവി ഉപകരണങ്ങളും പൂട്ടും 55,000 രൂപയും അപഹരിച്ചു

ഹരിപ്പാട് ∙ ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഫിസ് മുറി കുത്തിത്തുറന്ന് 55,000 രൂപയും ക്യാമറ ഒഴിച്ചുള്ള സിസിടിവി ഉപകരണങ്ങളും അപഹരിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ എത്തിയപ്പോൾ ഓഫിസ് മുറി തുറന്നു കിടക്കുകയായിരുന്നു. അലമാരകളിലെ ഫയലുകൾ വലിച്ചു താഴെയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. സ്റ്റാഫ് ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടപ്പെട്ടതെന്നു സ്കൂൾ അധികൃതർ പറഞ്ഞു.

സ്കൂളിന്റെ മുകൾ നിലയിലാണ് ഓഫിസ് മുറി. മുകൾ നിലയിലേക്കുള്ള പടിയിലെ ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ചു മാറ്റിയിരുന്നു. ഓഫിസ് മുറിയുടെ കതക് തകർത്ത് അകത്തുകയറി 3 അലമാരകളുടെയും പൂട്ടുകൾ തല്ലിപ്പൊളിച്ച് സാധനങ്ങൾ വലിച്ചു താഴെയിട്ടു പരിശോധിച്ചിട്ടുണ്ട്. അലമാരകളിൽ സൂക്ഷിച്ചിരുന്ന ക്യാമറയും, ലാപ്ടോപ്പുകളും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ പൊളിച്ച പൂട്ടുകളും താഴുകളും എല്ലാം മോഷ്ടാക്കൾ കൊണ്ടു പോകുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണു സിസിടിവിയുടെ മോഡം ഉൾപ്പെടെയുള്ളവ എടുത്തുകൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു. ഹരിപ്പാട് പൊലീസ് കേസ് എടുത്തു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. നഗര മധ്യത്തിലുള്ള സ്കൂളിൽ ആറു മാസം മുൻപും മോഷണം നടന്നിരുന്നു. സ്കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം മോട്ടർ അപഹരിക്കുകയായിരുന്നു.

Leave A Reply