പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കി; മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ മുന്നേറുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വള്ളംകുളം ഗവ. ഡി.വി. എല്‍.പി സ്‌കൂളിലെ പ്രീ – സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതി വര്‍ണക്കൂടാരം മഴവില്ല് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികള്‍ക്ക് മികച്ച പഠന അവസരങ്ങള്‍ ലഭിക്കുന്നതിന് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനവും പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തി. കുട്ടികളുടെ ഭൗതിക, ശാരീരിക, മാനസിക വളര്‍ച്ച നിര്‍ണയിക്കുന്ന പ്രീ സ്‌കൂള്‍ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കൂടുതല്‍ സ്‌കൂളുകളില്‍ പ്രീ സ്‌കൂള്‍ പദ്ധതി ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാലയ ശാക്തീകരണ പദ്ധതിക്ക് പ്രീ സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതി വലിയ പിന്തുണയാണ് നല്‍കുന്നത്. വര്‍ണകൂടാരം മഴവില്ല് പദ്ധതിയിലൂടെ ഗവണ്‍മെന്റ് ഡി.വി.എല്‍.പി സ്‌കൂളിന്റെ അന്തരീക്ഷം ശിശു സൗഹൃദപരമായി മാറ്റപ്പെട്ടു.
കുട്ടികളുടെ കൗതുകത്തെ ഉണര്‍ത്തുന്നതിനും ബൗദ്ധിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയമായ ഇടങ്ങളും സ്‌കൂളില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വള്ളംകുളം ഗവണ്‍മെന്റ് ഡി.വി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പല്ലാങ്കുഴി ഉദ്ഘാടനം ചെയ്തു. എസ്എസ്‌കെ ഡിപിഒ എസ്. സുജമോള്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാര്‍സ് പദ്ധതി പ്രകാരം എസ് എസ് കെ 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പ്രീ പ്രൈമറി വര്‍ണക്കൂടാരം മഴവില്ലും, ഒരു ലക്ഷം രൂപ വിനയോഗിച്ച് പല്ലാങ്കുഴി പ്രോജക്ടും നിര്‍മിച്ചത്. സംസ്ഥാനത്ത് കുട്ടികള്‍ക്ക് ഏറ്റവും മികച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കുന്നതിന് വര്‍ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. പ്രീ സ്‌കൂളിന്റെ അകവും പുറവും കുട്ടിക്ക് സമൃദ്ധമായ അനുഭവങ്ങള്‍ ലഭിക്കാന്‍ പര്യാപ്തമാക്കുന്നതിന് വര്‍ണക്കൂടാരം പദ്ധതിയുടെ ഭാഗമായി 12 ഇടങ്ങള്‍ സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ്. രാജീവ്, സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില്‍ ബാബു, കെ.കെ. വിജയമ്മ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, സിപിഐഎം ഏരിയ സെക്രട്ടറി പി.സി. സുരേഷ് കുമാര്‍, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, പുല്ലാട് എഇഒ ബി.ആര്‍. അനില, പുല്ലാട് ബിപിസി എന്‍.എസ്. ജയകുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.സി. മിനിമോള്‍, എസ്.എം.സി പ്രസിഡന്റ് സജീവ് കെ ഒട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply