ദേശീയപാത സുരക്ഷ സംബന്ധിച്ച് ഉടനടി പുനരന്വേഷണം നടത്തണം; റവന്യൂമന്ത്രി

തൃശൂർ: കുതിരാനു സമീപം വഴുക്കുംപ്പാറയിൽ ദേശീയപാതയിൽ ഉണ്ടായ വിള്ളൽ സംബന്ധിച്ച് ഉന്നത തലയോഗം തിങ്കളാഴ്ച കളക്ടറേറ്റിൽ ചേരും എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. യോഗത്തിനു മുൻപായി കളക്ടർ, കമ്മീഷണർ എന്നിവർ കൂടിയാലോചിച്ച ശേഷം ദേശീയപാത അതോറിറ്റി അല്ലാത്ത മറ്റൊരു അതോറിറ്റിയെ കൊണ്ട് സുരക്ഷാ കാര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേശീയപാതയിൽ വിള്ളൽ ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

മന്ത്രി കെ രാജനോടൊപ്പം ടി എൻ പ്രതാപൻ എംപി, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദർശിച്ചത്. പ്രദേശത്ത് റീടെയ്നിംഗ് വാൾ നിർമ്മിക്കാൻ നിർദ്ദേശം നൽകുമെന്നും ഉന്നത തല സംഘം വ്യക്തമാക്കി. ശാസ്ത്രീയമായി പണി തീർക്കാൻ ദേശീയപാത അതോറിറ്റി ശ്രമിച്ചിരുന്നെങ്കിൽ നിലവിലെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തണമെന്നും ടി എൻ പ്രതാപൻ എം പി പറഞ്ഞു. നിർമ്മാണ കമ്പനി പ്രതിനിധി അജിത് പ്രസാദ്, ദേശീയപാത അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ ഉന്നതതല സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

Leave A Reply