ഇന്ത്യയുടെ ചാന്ദ്ര പരിവേഷണ ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലെത്തി. ജൂലൈ 13ന് വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലെത്തിക്കുന്നത് വ്യത്യസ്ത ശാസ്ത്രീയ പഠനങ്ങൾക്കുള്ള ഏഴ് ഉപകരണങ്ങളുമായാണ് (പേലോഡുകൾ). ജിഎസ്എൽവി– മാർക്ക് 3 (എൽവിഎം 3) റോക്കറ്റിൽ വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ലെ പ്രൊപ്പൽഷൻ മൊഡ്യൂളാണ് ഇവ ചന്ദ്രന്റെ ഭ്രമണപഥത്തിൽ 100 കിലോമീറ്റർ അടുത്തുവരെ എത്തിക്കുക. തുടർന്ന് അവിടെ നിന്ന് നാല് കാലുകളുള്ള ലാൻഡർ പേലോഡുകളും റോവറും വഹിച്ച് സാവധാനം ചന്ദ്രോപരിതലത്തിലേക്ക് എത്തുകയും ലാൻഡറിന്റെ ഒരു വാതിൽ തുറക്കുമ്പോൾ ചക്രങ്ങളിൽ സഞ്ചരിക്കുന്ന റോവർ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുകും ചെയ്യും.
ഈ ലാൻഡറിലാണ് 4 പേലോഡുകള്ളത്. മണ്ണിന്റെ താപനില പരിശോധിക്കുന്നതിനുള്ള ചാസ്തേ (ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പെരിമെന്റ്), മണ്ണിലെ ഇലക്ട്രോമാഗ്നറ്റിക് സ്വഭാവവും പ്ലാസ്മസാന്ദ്രതയും പരിശോധിക്കുന്നതിനുള്ള ലാഗ്മിർ പ്രോബ് എന്നിവ തിരുവനന്തപുരത്തെ വിഎസ്‌എസ്‍സിയാണ് തയാറാക്കിയത്.