ജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇലക്ട്രിക് സ്കൂട്ടറുകളൊരുക്കി സൗദി ഗതാഗത അതോറിറ്റി. തീര്‍ഥാടകര്‍ക്ക് 1,000 ഇലക്‌ട്രിക് സ്കൂട്ടറുകളാണ് അതോറിറ്റി ഒരുക്കിയത്.
ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസര്‍ അല്‍ജാസര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മിനയിലെ കദാന സ്റ്റേഷനും ഹറമിലേക്ക് എത്തുന്ന ‘ബാബ് അലി’ സ്റ്റേഷനുമിടയിലാണ് പൊതുഗതാഗത അതോറിറ്റി ഇലക്ട്രിക് സ്കൂട്ടര്‍ സേവനം ആരംഭിച്ചത്.
തീര്‍ഥാടകര്‍ക്ക് ഇലക്ട്രിക് സ്കൂട്ടറുകള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതുസംബന്ധിച്ച ബോധവത്കരണത്തിന് അതോറിറ്റി പ്രത്യേക ടീമിനെ നിശ്ചയിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് കഴിഞ്ഞ വര്‍ഷമാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ഇതിനായി പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്.