‘വ്യാജ ലഹരിക്കേസില്‍ ജയിലിൽ കിടന്നത് 72 ദിവസം’; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ……!
തൃശൂര്‍: വ്യാജ ലഹരി കേസില്‍ കുടുക്കി ചാലക്കുടി സ്വദേശിനിയെ ജയിലിലിട്ടെന്ന് പരാതി. എല്‍.എസ്.ഡി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി 72 ദവസം ജയിലിലിട്ടെന്നാണ് പരാതി. സംഭവത്തില്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് പരാതിക്കാരിയായ ഷീല.
ഒരു തെറ്റും ചെയ്യാത്ത കേസിലാണ് 72 ദിവസം ജയിലില്‍ കിടന്നതെന്നും അതിന് ശേഷം മരുമകന്‍ ഒരു വക്കീലിനെ സമീപിച്ചതിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നും ഷീല മീഡിയവണിനോട് പറഞ്ഞു.
ഇപ്പോള്‍ ക്രൈം ബ്രാഞ്ചും എക്‌സൈസും കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും എന്നാല്‍ സംശയമുള്ള ആളുകളെ ഇതുവരെ ചോദ്യം ചെയ്തിട്ട് പോലുമില്ലെന്നും ഷീല ആരോപിച്ചു.
തന്റെ ജീവിത മാര്‍ഗമായിരുന്ന ബ്യൂട്ടി പാര്‍ലര്‍ അടച്ചുപൂട്ടിയെന്നും ഇപ്പോള്‍ മക്കളുടെ വീട്ടിലാണ് താമസിക്കുന്നതെന്നും കട ബാധ്യതകള്‍ തീര്‍ക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു.