ആലപ്പുഴ : എ.ഐ. ക്യാമറയിൽനിന്നു രക്ഷപ്പെടാൻ ഗ്രീസു തേച്ച് നമ്പർപ്ലേറ്റു മറച്ച കാരിയർ ട്രെയ്‌ലർ പിടികൂടി. ആലപ്പുഴ കൊമ്മാടി ബൈപ്പാസ് പ്ലാസയിൽ കൈകാണിച്ചിട്ടും നിർത്താതെ പോയതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ അമ്പലപ്പുഴ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിന്തുടർന്ന് പിടികൂടി പിഴയീടാക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ഹൊസൂർ പ്ലാൻറിൽനിന്നു വാഹനങ്ങൾ കയറ്റിവന്നതാണു വണ്ടി. പിറകിലെയും വശങ്ങളിലെയും നമ്പർ പ്ലേറ്റുകൾ ഗ്രീസ് പുരട്ടി മറച്ചനിലയിലായിരുന്നു. സ്റ്റോപ്പ് സിഗ്നൽ നൽകിയിട്ടും നിർത്താതെ വാഹനം തെക്കോട്ടേക്കു പോയി. പിന്തുടർന്ന് കളർകോട്ട് തടഞ്ഞുനിർത്തി.നമ്പർപ്ലേറ്റിൽ വായിക്കാൻ പറ്റാത്ത തരത്തിൽ തേച്ച കറുത്ത ഗ്രീസ് നീക്കിച്ച് 6,000 രൂപ പിഴയീടാക്കി. എ.ഐ. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽനിന്ന് ഒഴിവാകുന്നതിനും ലെയ്ൻ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നതിനും പല വാഹനങ്ങളിലും ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ റോണി ജോസ് വർഗീസ്, എ. നജീബ് എന്നിവർ പറഞ്ഞു.