‘റെയ്സ് ടു നെറ്റ് സീറോ എടവക’: ഡ്രോണ്‍ സര്‍വ്വെ തുടങ്ങി

വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘റെയ്സ് ടു നെറ്റ് സീറോ എടവക’ എന്ന കാലാവസ്ഥ അതിജീവന കൃഷി പദ്ധതിയുടെ ഭാഗമായി അടിസ്ഥാന വിവര ശേഖരണത്തിനായുള്ള ഡ്രോണ്‍ മാപ്പിംഗ് സര്‍വ്വെ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം ഡ്രോണ്‍ പറത്തി നിര്‍വഹിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ടമായ ഡ്രോണ്‍ സര്‍വ്വെ യു.എല്‍.സി.സി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കും. പഞ്ചായത്തിന്റെ അതിരുകള്‍, വാര്‍ഡുകളുടെ അതിരുകള്‍, റോഡുകളുടെ വിശദാംശങ്ങള്‍, പഞ്ചായത്തിലെ മുഴുവന്‍ വീടുകളുടേയും കൃത്യമായ വിവര ശേഖരണം, തരിശുനിലങ്ങള്‍, തോടുകള്‍, പുഴകള്‍, കുളങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ കൃത്യവും വസ്തുനിഷ്ഠവുമായ രേഖപ്പെടുത്തലുകള്‍ എന്നിവയെല്ലാം ഇതുവഴി സാധ്യമാകും.

രണ്ടാം ഘട്ട പ്രവര്‍ത്തനത്തില്‍ കാര്‍ബണ്‍ ബഹിര്‍ ഗമനത്തിന്റെ തോത് രേഖപ്പെടുത്തുന്നതിനു ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ശാസ്ത്രീയ പഠനവും തുടര്‍ന്നുള്ള പരിഹാര നിര്‍ദേശങ്ങളും കര്‍ഷകര്‍ക്കു ഗുണകരമാകുന്ന കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതികള്‍ക്കും തുടക്കം കുറിക്കും. രണ്ടു ഘട്ടങ്ങള്‍ക്കുമായി 46 ലക്ഷം രൂപ വകയിരുത്തി.

വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കോ-ഓഡിനേറ്റര്‍ കെ. സനല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, ശിഹാബ് അയാത്ത്, മെമ്പര്‍മാരായ ബ്രാന്‍ അമ്മദ് കുട്ടി, എം.പി. വത്സന്‍, സെക്രട്ടറി എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply