കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ പാനീയങ്ങള്‍…

ഇന്ന് പലര്‍ക്കുമുള്ള ഒരു ആരോഗ്യ പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോള്‍. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം, പ്രമേഹം എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വഴി കൂടിയാണ് ഉയര്‍ന്ന കൊളസ്ട്രോള്‍.

കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…

സോയ മില്‍ക്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന കൊഴുപ്പുള്ള പാലുത്പന്നങ്ങള്‍ക്ക് പകരം സോയ മില്‍ക്ക് തിരഞ്ഞെടുക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഓട്മീല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടും. പാകം ചെയ്യാത്ത ഓട്സ് ഇട്ട വെള്ളം ആണ് ഓട്മീല്‍ വെള്ളം. ഓട്സിന്‍റെ എല്ലാ ഗുണങ്ങളും ഈ വെള്ളത്തില്‍ ചേരും. ഇതിനായി തലേന്ന് രാത്രി വെള്ളത്തില്‍ ഓട്സ് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കാം. രാവിലെ ഇവ ബ്ലന്‍ററില്‍ ഒന്ന് അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാരയോ, കറുവാപ്പട്ടയോ ചേര്‍ത്ത് കുടിക്കാം.

Leave A Reply