കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ നീക്കം ജനങ്ങളെയാകെ ദുരിതത്തിലാക്കുന്നു

കോഴിക്കോട് : മാലിന്യ സംസ്കരണത്തിന് മാതൃക സൃഷ്ടിക്കുമെന്ന് പറഞ്ഞ് അഴക് പദ്ധതി ഉൾപ്പടെ നടപ്പാക്കുന്ന കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ നീക്കം ജനങ്ങളെയാകെ ദുരിതത്തിലാക്കുന്നു. മാലിന്യം ശേഖരിക്കുന്നതിലും കൊണ്ടുപോവുന്നതിലും അപാകത ചൂണ്ടിക്കാണിച്ച് ഹോട്ടലുകളിലെ നഗരത്തിലെ മാലിന്യം നീക്കം നടത്തിയിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ നടപടി സ്വീകരിച്ച കോർപ്പറേഷൻ നടത്തുന്ന മാലിന്യ നീക്കം കാലഹരണപ്പെട്ട രീതിയിൽ.

നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ തുറന്ന വാഹനത്തിലാണ് കോർപ്പറേഷൻ ജീവനക്കാർ മാലിന്യങ്ങൾ കൊണ്ടു പോവുന്നത്. അസഹ്യമായ നാറ്റത്തിനൊപ്പം ഇതിൽ നിന്ന് വരുന്ന മലിന ജലം റോഡിലാകെ നിറയുകയും ചെയ്യുന്നു. വാഹനങ്ങളിലും കാൽനടയായും യാത്ര ചെയ്യുന്നവരുടെ മേൽ ഈ മലിനജലമാവുന്നു.മാലിന്യങ്ങൾ നിറച്ച വാഹനങ്ങൾ മുകളിൽ ഷീറ്റിട്ട് മൂടിയാണ് കൊണ്ടു പോകേണ്ടത് എന്ന മാനദണ്ഡം പോലും നടപ്പാവുന്നില്ല. വണ്ടികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിന ജലം യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ തെറിപ്പിക്കും വിധമാണ് നഗരസഭയുടെ ശുചീകരണ പ്രവൃത്തി പുരോഗമിക്കുന്നത്.

ജില്ലയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന പനിയുടെ പശ്ചാത്തലവും കൊതുജന്യ രോഗ പ്രതിരോധ പ്രവർത്തനങ്ങളും മറ്റും നടന്നുകൊണ്ടിരിക്കെ നഗരത്തിൽ മഴക്കാലത്ത് റോഡുകളിലും മറ്റും രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ടിലും മറ്റും നഗരസഭയുടെ മാലിന്യ വണ്ടികളിൽ നിന്നും ഒലിച്ചിറങ്ങുന്ന മലിന്യ ജലം കലർന്നുകൊണ്ടിരിക്കുന്നു. ത്വക്ക് രോഗങ്ങൾക്ക് അടക്കം കാരണമാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇവ സൃഷ്ടിക്കുന്നത്.മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വണ്ടികളുടെ മുകൾ ഭാഗം ഷീറ്റ് ഇട്ട് മൂടിയും പ്ലാറ്റ് ഫോമിൽ പോളിത്തീൻ ഷീറ്റുകൾ വിരിച്ചും മാലിന്യം വേസ്റ്റ് ബിന്നുകളിലാക്കി വണ്ടികളിൽ കയറ്റിയാൽ ഒരു പരിധി വരെ പരിഹാരം കാണുമെന്ന് നഗരവാസികൾ പറയുന്നു.

@ ഓട ശുചീകരണവും പ്രാകൃതം

കാലങ്ങൾ പിന്നിട്ടും കാലഹരണപ്പെട്ട ശുചീകരണ പ്രവൃത്തികളാണ് കോർപ്പറേഷൻ ഇപ്പോഴും പിൻതുടരുന്നത്. മഴക്കാലത്ത് നഗരത്തിലെ പ്രധാന റോഡുകളിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ഓടയിലെ തടസം നീക്കം ചെയ്യാൻ തൊഴിലാളികളെ ഓടകളിൽ നേരിട്ട് ഇറക്കിയ പ്രാകൃതമായ നടപടിയിൽ പരാതി ഉയർന്നിരുന്നു.

” മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് വിപുലമായ പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപിക്കുമ്പോൾ പതിറ്റാണ്ടുകൾ പിന്നിട്ടതും കാലഹരണപ്പെട്ടതുമായ കോർപ്പറേഷന്റെ ശുചീകരണ പ്രവർത്തനങ്ങൾ യാത്രക്കാർക്കും സമൂഹത്തിനും ദുരിതമാവുകയാണ്. ഇക്കാര്യത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറും ജില്ലാ എൻഫോഴ്‌സ്‌മെന്റ് ചെയർമാനുമായ പ്രദീപ് പി. ടിക്ക് പരാതി നൽകിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിന് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം ” ………… സതീഷ് പാറന്നൂർ ( പൗരവകാശ സംരക്ഷണ സമിതി ചെയർമാൻ )

Leave A Reply