പത്തനംതിട്ട: മുട്ട ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടിയെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചില ഭക്ഷ്യവസ്തുക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കണ്ടി വരുന്ന നമുക്ക് മുട്ടയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണന്നും മന്ത്രി പറഞ്ഞു.
കടമ്പനാട് കെആര്‍കെപിഎം ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുഞ്ഞുകൈകളില്‍ കോഴികുഞ്ഞ് പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കോഴി വളര്‍ത്തല്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാനും മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുമാണ് സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്‍ കോഴിവളര്‍ത്തലിനുള്ള താല്പര്യം വര്‍ധിപ്പിച്ച് അവരില്‍ സ്വാശ്രയ ശീലവും സമ്പാദ്യശീലവും വളര്‍ത്തി കോഴി മുട്ട ഉല്‍പാദനം വര്‍ധിപ്പിക്കുക, കുട്ടികള്‍ക്കാവശ്യമായ ഭക്ഷണത്തില്‍ കോഴിമുട്ടയുടെ ലഭ്യത ഉറപ്പാക്കി അര്‍പ്പണബോധവും ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക, ഇതുവഴി കോഴിവളര്‍ത്തല്‍ രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് കുഞ്ഞുകൈകളില്‍ കോഴികുഞ്ഞ് പദ്ധതി ഉപകരിക്കുമെന്നും മണ്ഡലത്തിലെ മറ്റു സ്‌കൂളുകളിലും പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.