പി ഐ ബി മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യുറോ നെടുമങ്ങാട് പ്രസ് ക്ലബ്ബുമായി സഹകരിച്ച്  പ്രാദേശിക മാധ്യമ പ്രവർത്തകർക്കായുള്ള ശില്പശാല ‘വാർത്താലാപ്’ നെടുമങ്ങാട് സംഘടിപ്പിച്ചു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ റാഫി രാമനാഥ്   ശില്പശാല ഉദ്‌ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധത്തിനായി  ഇനിയുള്ള കാലഘട്ടത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കുവാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 3 വർഷം കൊണ്ട് 15-20 വർഷങ്ങളുടെ വളർച്ച ലഭിക്കുന്ന മിയാവാക്കി മാതൃകയിലുള്ള വൃക്ഷസംരക്ഷണം ആഗോള താപനത്തിനെതിരായി പോരാടാൻ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു.

പിഐബി  അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകർ വികസനോന്മുഖ മാധ്യമപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സാമൂഹിക അവബോധം വർധിപ്പിക്കണമെന്നും പറഞ്ഞു.

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും പ്രാദേശിക മാധ്യമപ്രവർത്തകരും തമ്മിലുള്ള ക്രിയാത്മക സഹകരണം കൂടുതൽ അർത്ഥസമ്പുഷ്ടവും, കരുത്തുറ്റതും, ഊഷ്മളവുമാക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം.

പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ. നജി വിളയിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.പി ഐ ബി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ നവിൻ ശ്രീജിത്ത് യു ആർ സ്വാഗതവും നെടുമങ്ങാട്  പ്രസ് ക്ലബ്  സെക്രട്ടറി ശ്രീ തെന്നൂർ ബി അശോക് നന്ദിയും പറഞ്ഞു.

‘നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ മാധ്യമങ്ങളിൽ ഉയർന്നുവരുന്ന പ്രവണതകൾ’ എന്ന വിഷയത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ കോർ ഗ്രൂപ്പ്‌ മെമ്പർ ഡോ അരുൺ സുരേന്ദ്രൻ ക്ലാസ്സെടുത്തു . ‘കേന്ദ്ര ഗവണ്മെന്റ് പദ്ധതികൾ: ഒരു അവലോകനം ‘  എന്ന വിഷയത്തിൽ  പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനായ ശ്രീ പള്ളിപ്പുറം ജയകുമാറും  ‘മാധ്യമപ്രവർത്തനത്തിലെ നൈതികത’ എന്ന വിഷയത്തിൽ പ്രമുഖ കോളമിസ്റ്റും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ യു. നന്ദകുമാറും ക്ലാസ്സെടുത്തു.  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മീഡിയ യൂണിറ്റുകളെ കുറിച്ച് പിഐബി ജോയിന്റ് ഡയറക്ടർ ധന്യ സനൽ വിവരിച്ചു.

സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ  ശ്രീമതി പാർവതി വി,  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ യൂണിറ്റുകളുടെ പ്രതിനിധികളും കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും പരിപാടിയിൽ സംബന്ധിച്ചു.

Leave A Reply