എല്ലാം മറന്ന് നൃത്ത ചുവടുവെച്ചവരിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവും

കോട്ടയം: പാലാപ്പള്ളി തിരുപ്പള്ളി… കാതുകളിലേക്ക് ഇടിമുഴക്കമായി ആ ഗാനമെത്തിയപ്പോൾ സദസ് ഇളകിമറിഞ്ഞു. അവർ എല്ലാം മറന്ന് നൃത്തം ചെയ്തു. ചുവടുവെച്ചവരിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവുമുണ്ടായിരുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ എന്തും സാധ്യമാകും എന്നതിന് തെളിവായി മാറുകയാണ് എലിക്കുളത്തിന്റെ ‘മാജിക്ക് വോയ്സ് ‘ എന്ന ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ഗാനമേള ട്രൂപ്പ്. മന്ത്രി ഡോ.ആർ.ബിന്ദുവാണ് ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്തത്.

ഗാനമേള ട്രൂപ്പിലെ ഗായകർ പാടിയ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിന് ഇളങ്ങുളം തിരുഹൃദയഭവൻ, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികൾ, കന്യാസ്ത്രീകൾ എന്നിവർക്കൊപ്പമാണ് മന്ത്രി ചുവടുവെച്ചത്.

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ചടങ്ങിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, എന്നിവർ പങ്കെടുത്തു.

Leave A Reply