കോട്ടയം: ഗുരുഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഗുരുദർശന പഠന ശില്പശാലയും സർവ്വമതസമ്മേളനവും തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ജൂലായ് രണ്ടിന് നടക്കും. രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ചർച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ ബ്രഹ്മചാരി സൂര്യശങ്കർ ഗുരുദർശനം മതാതീതമോ എന്ന വിഷയം അവതരിപ്പിക്കും.
ഡോ.ടി.എസ് ശ്യാംകുമാർ ഈഴവർ ഹിന്ദുക്കളോ എന്ന വിഷയമാവതരിപ്പിക്കും. ശ്രീനാരായണ അന്തർ ദേശീയ പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ. എം.ആർ യശോധരൻ ചർച്ചകൾ നിയന്ത്രിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സർവ്വ മത സമ്മേളനം ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും.
ഗുരുഗ്രാമം പ്രസിഡന്റ് പ്രതിഭ അശോകൻ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമത്തിലെ സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ദയാനന്ദ സരസ്വതി, ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, താഹ മൗലവി, സലികുറിച്ചി, ഡോ.എം.ആർ യശോധരൻ, കെ.എസ് മുരളീധരൻ, ഷിബു മൂലേടം എന്നിവർ പങ്കെടുക്കും.