ഡോ. വന്ദനദാസ്‌ കൊലക്കേസ്‌; സിബിഐ അന്വേഷണം വേണം, മാതാപിതാക്കൾ ഹൈക്കോടതിയിൽ

കോട്ടയം: യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം തുടങ്ങിയവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നത്.

രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നെന്നായിരുന്നു സംശയം. എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.

Leave A Reply