തിരുവനന്തപുരം: ഇ പോസ് മെഷീന്റെ തകരാർ മൂലം റേഷൻ വിതരണം തടസപ്പെട്ടതിനാൽ ജൂൺ മാസത്തിലെ വിതരണം ഇന്നത്തേക്ക് കൂടി നീട്ടി. നിരവധി ആളുകൾക്ക് ഇനിയും റേഷൻ കിട്ടാനുണ്ടെന്നതിനാലാണ് റേഷൻ വിതണം ഇന്നത്തെക്ക് കൂടി നീട്ടിയത്. കണക്ക് പ്രകാരം 93.65 ലക്ഷം കാർഡുടമകളിൽ 74.65 ലക്ഷം പേർക്കാണ് ജൂൺ മാസത്തിലെ റേഷൻ കിട്ടിയത്.
ഇ പോസ് സംവിധാനത്തിൽ ആധാർ വിവരങ്ങൾ പരിശോധിക്കുന്നതിന്റെ വേഗം കുറഞ്ഞതാണ് പ്രശ്നമെന്ന് മന്ത്രി ജിആർ അനിൽ വ്യക്തമാക്കി. പരാതികൾ പരിഹരിക്കാൻ ഐടി മിഷന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മാസസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായിരുന്നു. ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ സാധിക്കുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. 2017 മുതലാണ് കേരളത്തിൽ ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.