അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സ് നിരോധിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഓർഡിനൻസ് ബില്ലായി പാർലമെന്റിൽ എത്തുമ്പോൾ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാഷ്ട്രീയ നീക്കം തുടരുന്നതിനിടെയാണ് സമാന്തരമായി നിയമപോരാട്ടത്തിനും തുടക്കമിട്ടത്.
മദ്ധ്യവേനൽ അവധിക്കാലം കഴിഞ്ഞ് ജൂലായ് മൂന്നിന് സുപ്രീംകോടതി തുറക്കുമ്പോൾ വിഷയം ഉന്നയിക്കും. അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ആം ആദ്മി പാർട്ടി സർക്കാർ ആവശ്യപ്പെടും. ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്രത്തിലും ഡൽഹി സർക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് മേയ് 11ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ മേയ് 19ന് അതിവേഗതയിൽ ഡൽഹി സർക്കാരിന് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മേലുളള അധികാരം എടുത്തുമാറ്റി കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു. നടപടി രാജ്യത്തെ ഫെഡറൽ വ്യവസ്ഥയ്‌ക്ക് എതിരാണെന്ന് ആം ആദ്മി സർക്കാരിന്റെ ഹർജിയിൽ പറയുന്നു.