ക്ഷേത്രോത്സവം കാണാനെത്തിയ ദമ്പതികളെ വെട്ടികൊല്ലാൻ ശ്രമം; പ്രതി പോലീസ് പിടിയിൽ

കൊല്ലം: കൊല്ലത്തെ മരുതൂർക്കുളങ്ങരയിൽ യുവാവിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ക്ഷേത്രോത്സവം കാണാനെത്തിയ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. കരുനാഗപ്പള്ളി സ്വദേശി അതുൽ ദാസാണ് അറസ്റ്റിലായത്. 26 കാരനായ അതുൽ ദാസിനെ മുംബൈയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്.

മാർച്ച് 8 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരവേലിൽ ക്ഷേത്രോത്സവത്തിന് കുടുംബസമേതം എത്തിയ അതുൽ രാജിനെയും ഭാര്യ പൂജയെയുമാണ് അതുൽ ദാസും സംഘവും ആക്രമിച്ചത്. അതുൽ ദാസും അതുൽ രാജും തമ്മിൽ ഉത്സവത്തിനിടെ വാക്ക് തർക്കമുണ്ടായി. ഇതോടെ അതുൽ രാജിനെ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് അതുൽ ദാസ് ആക്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് പൂജക്ക് മർദനമേറ്റത്. സംഭവത്തെ തുടർന്ന് അതുൽ ദാസ് ഒളിവിൽ പോയി. ഇയാൾക്കെതിരെ കരുനാഗപ്പള്ളി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് അതുൽ മുംബൈയിലുണ്ടെന്ന് മനസിലാക്കുകയും പിടികൂടുകയും ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply