ചക്കയുടെ മണം പിടിച്ചെത്തിയ ഒറ്റയാൻ വീട്ടുമുറ്റത്ത്

പൂവടുക്ക(മുള്ളേരിയ) ∙ ചക്കയുടെ മണം പിടിച്ചെത്തിയ ഒറ്റയാൻ വീട്ടുമുറ്റത്ത്; ഭീതിയുടെ മുൾമുനയിൽ വീട്ടുകാർ. ദേലംപാടി കടുമനയിലെ ദേവകിയുടെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കാട്ടാനയെത്തിയത്. ആനയെ കണ്ടു പേടിച്ച് അയൽവാസികളെ വിളിച്ചു പറഞ്ഞ് പടക്കം പൊട്ടിച്ചാണ് കൊമ്പനെ കാട്ടിലേക്കു കയറ്റിയത്. പിന്നെയും പല വഴികളിലൂടെ ഇറങ്ങിയ ആന പുലർച്ചെ 2 മണി വരെ നാട്ടുകാരുടെ ഉറക്കം കെടുത്തി. ‌വീട്ടുമുറ്റത്തു നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ ദേവകിയാണ് ആനയെ കണ്ടത്. വീട്ടുകാർ ആരും ഉറങ്ങിയിരുന്നില്ല. പുറത്ത് ലൈറ്റും ഉണ്ടായിരുന്നു. മുറ്റത്തെ പ്ലാവിൽ നിന്നു ചക്ക പറിക്കാനുള്ള പുറപ്പാടിലായിരുന്നു കൊമ്പൻ.  അയൽവാസികൾ എത്തി പടക്കം പൊട്ടിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ കാട്ടിലേക്കു കയറിയെങ്കിലും അൽപം കഴിഞ്ഞു വീണ്ടും എത്തി.

ഇതു പലതവണ ആവർത്തിച്ചു. ഒടുവിൽ 2 മണിയോടെയാണ് കാട്ടിലേക്കു കയറിപ്പോയത്. ആ സമയം വരെ നാട്ടുകാർ സംഘടിച്ചു നിന്നു. കഴിഞ്ഞ വർഷവും ഇവിടേക്കു ആന ചക്ക തിന്നാനെത്തിയിരുന്നു. വീട്ടിൽ നിന്നു 2 മീറ്റർ മാറിയാണ് പ്ലാവുള്ളത്. ആന ചക്ക തിന്നാനെത്തുന്നത് ഇവർക്കു വലിയ ഭീഷണിയാണ്. എങ്ങനെ സ്വസ്ഥമായി കിടന്നുറങ്ങുമെന്ന പേടിയിലാണ് ഇവർ. വനംവകുപ്പിന്റെ തേക്ക് തോട്ടം കഴിഞ്ഞ് ആദ്യം കിട്ടുന്ന വീടാണ് ഇവരുടേത്. കഴിഞ്ഞ 3 ദിവസമായി ഇവിടെ ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഒറ്റയാനാണ് ചക്ക പറിക്കാനെത്തിയതെങ്കിലും 9 എണ്ണമുള്ള കൂട്ടം പുഴയരികിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ആനകളെ പേടിച്ച് ലൈറ്റ് അണയ്ക്കാതെയാണ് ഇവിടെയുള്ള വീട്ടുകാർ ഉറങ്ങാൻ കിടക്കുന്നത്. 3 ഭാഗവും സംരക്ഷിത വനവും ഒരു ഭാഗം പുഴയും അതിരിടുന്ന പ്രദേശമാണ് കടുമന.

Leave A Reply