പന്തളം-തട്ടാരമ്പലം റോഡ് പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ടിപി

പന്തളം ∙ കരാർ പ്രകാരമുള്ള സമയപരിധി കഴിഞ്ഞതോടെ പന്തളം-തട്ടാരമ്പലം റോഡ് പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ടിപി. ജനുവരിയിൽ സമയപരിധി കഴിഞ്ഞു. ടാറിങ് ജോലികൾ ഏറെക്കുറെ പൂർത്തിയായെങ്കിലും മറ്റ് ജോലികൾ ഇനിയും ശേഷിക്കുന്നുണ്ട്. ഇത് പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. പൂട്ടുകട്ട പാകുന്നത് ഉൾപ്പെടെ ജോലികൾ താൽക്കാലികമായി നിർത്തിയ നിലയിലാണ്. കൂടുതൽ ഗുണനിലവാരമുള്ള സാമഗ്രികൾ വാങ്ങാൻ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അധികൃതർ.

ഓട നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ നടപ്പാതയുടെ ജോലികൾ പുരോഗമിക്കുകയാണ്. വഴിവിളക്കുകളും സ്ഥാപിച്ചു തുടങ്ങി. കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും നിർമാണം വേഗം പ്രാപിച്ചിട്ടുണ്ട്. 18 മാസമായിരുന്നു സമയപരിധി. പദ്ധതി സംബന്ധിച്ചു ചില ഭാഗങ്ങളിൽ തർക്കങ്ങളുയർന്നതും ജോലികൾ വൈകിപ്പിച്ചു. കുന്നിക്കുഴി ജംക്‌ഷന് സമീപവും തേവാലപ്പടിയിലും തർക്കമുയർന്നു. പന്തളം ജംക്‌ഷന് പടിഞ്ഞാറ് തർക്കം പരിഹരിക്കാൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും എത്തിയിരുന്നു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 112 കോടി രൂപയാണ് ചെലവഴിക്കുന്നത്.

Leave A Reply