മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

കരുനാഗപ്പള്ളി ∙ മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ എസ്.ശ്യാംകുമാറിനെ (33) അറസ്റ്റ് ചെയ്തു. ആദിനാട് ആലോചന മുക്കിനു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ശ്യാംകുമാറും കൂട്ടാളിയായ ഗുരുലാലും മുക്കുപണ്ടം പണയപ്പെടുത്തിയത്. കഴിഞ്ഞ നവംബർ, ജനുവരി മാസങ്ങളിലായി സ്ഥാപനത്തിൽ   42 ഗ്രാം മുക്കുപണ്ടം പണയം വച്ച് 1,50,000രൂപ ഇവർ തട്ടിയെടുത്തിരുന്നു.

കഴിഞ്ഞ ജനുവരിയിൽ ആഡംബര വാഹനത്തിലെത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഗുരുലാൽ ഉൾപ്പെട്ട സംഘത്തെ ചവറ പൊലീസ് പിടികൂടിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നിയ ആദിനാട് വില്ലേജിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജർ ഇവർ പണയം വച്ച ആഭരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണു മുക്കുപണ്ടം ആണെന്നു തിരിച്ചറിഞ്ഞത്.

തുടർന്നു കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ ഗുരുലാലിനെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു ഒളിവിലായിരുന്ന ശ്യാംകുമാർ അറസ്റ്റിലാകുന്നത്. ഇയാൾക്കെതിരെ സമാന രീതിയിൽ മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതിനു പൊലീസ് കേസ് എടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷെമീർ, കലാധരൻ, ഷാജിമോൻ, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply