കൊയമ്പ്രത്തുകണ്ടിക്കടവുപാലം പ്രവൃത്തി ഉദ്ഘാടനം മൂന്നിന്

നടുവണ്ണൂർ : ഉള്ളിയേരി, നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് രാമൻപുഴയിലെ കൊയമ്പ്രത്തുകണ്ടിക്കടവിൽ പൊതുമരാമത്തുവകുപ്പ് നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തിയുദ്ഘാടനം ജൂലായ് മൂന്നിന് ഉച്ചയ്ക്ക് 12.30-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ദങ്കാവ് കേരഫെഡ് ജങ്‌ഷനിൽവെച്ചാണ് ഉദ്ഘാടനം നടത്തുക.

ബാലുശ്ശേരി എം.എൽ.എ. കെ.എം. സച്ചിൻദേവ് അധ്യക്ഷനാകും. 4.30 കോടി രൂപ ചെലവിലാണ് നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. 59.4 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുന്നത്. പാലത്തിൽ 1.2 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും നിർമിക്കും. 80 മീറ്റർ നീളത്തിൽ സമീപനറോഡ് നിർമിച്ച് 7.5 മീറ്റർ വീതിയിൽ ബി.എം.ബി.സി. ടാറിങ്ങും നടത്തും. സ്വകാര്യവ്യക്തികളിൽനിന്ന് വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് റോഡ് പണിയുക. ഉള്ളിയേരി ഭാഗത്ത് ഇല്ലത്ത് താഴെ-കൊയമ്പ്രത്തുകണ്ടിക്കടവ് റോഡിലാണ് സമീപനറോഡ് ബന്ധിപ്പിക്കുക.നടുവണ്ണൂർ പഞ്ചായത്തിലെ അയനിക്കാട് തുരുത്ത് ഭാഗത്ത് സമീപനറോഡ് മാത്രമേ ഉണ്ടാകൂ. ഇവിടെ തുടർന്ന് റോഡില്ല. സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെ കടന്നുപോകുന്ന നടപ്പാത മാത്രമേയുള്ളു. ഇത് സഞ്ചാരയോഗ്യവുമല്ല.

പുഴയ്ക്കകത്ത് സ്പാൻ പണിയുന്ന ജോലിയാണ് ആദ്യം തുടങ്ങുക. ഇതിനുള്ള ഐലൻഡ് പുഴയ്ക്കകത്ത് നിർമിച്ചിട്ടുണ്ട്. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് അയനിക്കാട് തുരുത്ത്. പുഴകടക്കാൻ സഞ്ചാരയോഗ്യമായ കടത്തുവഞ്ചിയോ കടത്തുകാരനോ ഇല്ല. പഴയവഞ്ചി തുഴഞ്ഞാണ് വിദ്യാർഥികൾ സ്കൂളിലും കോളേജിലും പോകുന്നത്. റേഷൻസാധനങ്ങൾ വാങ്ങാൻ രണ്ടുകിലോമീറ്റർ ചുറ്റിവളഞ്ഞാണ് പോകുന്നത്. പാലം വരുന്നതോടെ തുരുത്തുനിവാസികൾക്ക് എളുപ്പം ഉള്ളിയേരിയിലെത്താം. ഒട്ടേറെ നിവേദനങ്ങൾക്കും മുറവിളികൾക്കുമൊടുവിലാണ് പാലത്തിന് അനുമതി ലഭിച്ചത്. രണ്ടുഭാഗം രാമൻപുഴയും ഒരുഭാഗം മുതുവോട്ടുപുഴയുമാണ്. ഹരിതാഭമായ തീരങ്ങൾകൊണ്ട് ആകർഷണീയമാണ് തുരുത്ത്. ഇവിടത്തെ ജലയാത്രയും സഞ്ചാരികൾക്ക് ഹരമാണ്. നാടൻവഞ്ചിയുപയോഗിച്ചാണ് യാത്ര. അതുകൊണ്ട് ഒട്ടേറെപ്പേർ തുരുത്തിലെത്താറുണ്ട്. പാലമില്ലാത്തത് യാത്രാക്ലേശത്തിന് ഇടവരുത്തിയിരുന്നു. പാലം വരുന്നതോടെ പ്രദേശത്ത് വിനോദസഞ്ചാരത്തിന് അവസരമാകും.

 

 

Leave A Reply