അഴിയൂർ : അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. അഴിയൂർ ഷംസു ഓഡിറ്റോറിയത്തിനു സമീപം കോമത്ത് കൊയിലോത്ത് വേണുഗോപാലിന്റെ വീട്ടിൽനിന്നാണ് എട്ടുപവൻ സ്വർണാഭരണവും 22,000 രൂപയും കളവുപോയത്.
ഇക്കഴിഞ്ഞ ഇരുപത്തിനാലിനാണ് വേണുഗോപാലും കുടുംബവും ചെന്നൈയിലേക്കു പോയത്. വ്യാഴാഴ്ച കാലത്ത് വളർത്തുമത്സ്യത്തിന് തീറ്റകൊടുക്കാൻ വന്ന ബന്ധുവാണ് വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നനിലയിൽ കണ്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് അലമാരയിൽ വെച്ച സ്വർണവും പണവും മോഷണംപോയതറിഞ്ഞത്.ചെന്നൈയിൽനിന്ന് വേണുഗോപാൽ തിരിച്ചെത്തിയാൽമാത്രമേ നഷ്ടപ്പെട്ടതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം അഴിയൂരിൽ മൂന്നുവീടുകളിൽ മോഷണശ്രമം നടന്നിരുന്നു. സംഭവത്തിൽ ചോമ്പാല പോലീസ് അന്വേഷണം ഊർജിതമാക്കി.