ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കഴിഞ്ഞ മാസം കടന്നു പോയത് 34,40,184 യാത്രക്കാർ

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കഴിഞ്ഞ മാസം കടന്നു പോയത് 34,40,184 യാത്രക്കാർ.ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് മേയിലെ വ്യോമ സ്ഥിതി വിവര കണക്കുകൾ പുറത്തിറക്കിയത്. 2022 മേയിൽ 28,14,646 യാത്രക്കാരാണ് കടന്നുപോയത്. 2022 മേയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 22.2 ശതമാനമാണ് വർധന. ഇത് റെക്കോർഡ് നേട്ടമാണ്.

ഇതുവരെയുള്ള വർഷങ്ങളിലെ മേയിലെ കണക്കുകളിൽ വച്ച് ഇതാദ്യമായാണ് യാത്രക്കാരുടെ എണ്ണം 34 ലക്ഷത്തിലധികം എത്തുന്നത്. 20,226 വിമാനങ്ങളാണ് കഴിഞ്ഞ മാസം വന്നുപോയത്. 2022 മേയുമായി താരതമ്യം ചെയ്യുമ്പോൾ 16.6 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മേയിൽ 17,348 വിമാനങ്ങളാണ് വന്നുപോയത്. കഴിഞ്ഞ മാസം 1,93,008 ടൺ കാർഗോ-മെയിൽ ആണ് വിമാനത്താവളം കൈകാര്യം ചെയ്തത്.

ഈ വർഷം ജനുവരിയിൽ 35,59,063, ഫെബ്രുവരിയിൽ 32,40,117 മാർച്ചിൽ 35,16,939 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ഫിഫ ലോകകപ്പ് കഴിഞ്ഞതോടെ വിമാനത്താവളത്തിലൂടെ രാജ്യത്ത് എത്തുന്നവരുടെയും ട്രാൻസിറ്റ് യാത്രക്കാരുടെയും എണ്ണത്തിൽ ഗണ്യമായ വർധനയാണുള്ളത്.

Leave A Reply