ചെറുതോണി : ഇടുക്കി-നേര്യമംഗലം റോഡിൽ ലോവർ പെരിയാർ ഡാമിന് സമീപം സ്വകാര്യബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം.
കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യബസും നേര്യമംഗലം ഭാഗത്തുനിന്നും പനംകുട്ടിയിലേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.ഇരുവാഹനങ്ങളും അമിതവേഗതയിൽ ആയിരുന്നുവെന്നും ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടെന്നുമാണ് ബസ് യാത്രക്കാർ പറഞ്ഞത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും ലോറിയുടെ മുൻഭാഗം ഭാഗികമായിയും തകർന്നു.ഒന്നരമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കരിമണൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയുംചെയ്തു.