കുറ്റ്യാടി : രണ്ടുവർഷംമുമ്പ് പൂർത്തിയായ കുറ്റ്യാടി-മരുതോങ്കര-പശുക്കടവ് റോഡ് നവീകരണത്തിലെ അപാകം ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. റോഡിന്റെ വശങ്ങളിലെ കാനകളുടെ നിർമാണത്തിലെ അശാസ്ത്രീയത, സീബ്രാവരകളുടെയും ആവശ്യമായ മറ്റുവരകളുടെയും അഭാവം തുടങ്ങിയ പോരായ്മകളാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കാനകളിൽ വെള്ളം ഒഴുകിപ്പോകാനാകാതെ കെട്ടിനിൽക്കുന്നത് നിർമാണത്തിലെ അപാകം കാരണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുറത്തേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതിനാൽ പലഭാഗങ്ങളിലും കാനകൾ നിറഞ്ഞൊഴുകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കൈവരികൾ തകർന്നും അടിഭാഗത്തെ കോൺക്രീറ്റ് അടർന്നും കുറ്റ്യാടി-പശുക്കടവ് റോഡിലെ മുണ്ടക്കുറ്റി പാലം അപകടാവസ്ഥയിലായിട്ട് കാലമേറെയായി. ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടും അധികൃതർക്ക് കുലുക്കമില്ല. അമ്പതുവർഷങ്ങൾക്കുമുമ്പ് കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽനിർമാണസമയത്താണ് പാലം നിർമിച്ചത്. ഇരുഭാഗത്തുമുള്ള കൈവരികൾ വാഹനമിടിച്ച് തകർന്ന നിലയിലാണ്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് ഈ ഭാഗത്തുള്ളത്. പാലമുൾപ്പെടുന്ന ഭാഗത്തെ വളവും ഇറക്കവും പാലത്തിന്റെ വീതിക്കുറവും അപകടസാധ്യത കൂട്ടുകയാണ്. 17 ലക്ഷംരൂപ ഉപയോഗിച്ച് റോഡ് നവീകരണം നടന്നെങ്കിലും പാലം പുതുക്കിപ്പണിതിരുന്നില്ല. പാലം ജലസേചനവകുപ്പിന്റെ കീഴിലായതിനാൽ ഇത് ഒഴിവാക്കിയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് പ്രവൃത്തി നടത്തിയത്.