വീട്ടിലെ ശുചി മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ അഞ്ചൽ എക്സൈസ് അറസ്റ്റ് ചെയ്തു
അഞ്ചൽ: വീട്ടിലെ ശുചി മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ അഞ്ചൽ എക്സൈസ് അറസ്റ്റ് ചെയ്തു. ഏരൂർ പാണയം ഐ.എച്ച്.ഡി.പി കോളനിയിൽ ഷിബു (27) ആണ് പിടിയിലായത്. ഇയാൾ കഞ്ചാവ് ഉപയോഗിച്ച ശേഷം കോളനി പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നാട്ടുകാർക്ക് തലവേദന സൃഷ്ടിച്ചിരുന്നു. വിവരം നാട്ടുകാർ എക്സൈസിനേയും പൊലീസിനേയും അറിയിച്ചു.
അഞ്ചൽ എക്സൈസ് സംഘം ഷിബുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ തെരച്ചിലിലാണ് ശുചിമുറിയിൽ ഒളിപ്പിച്ചു വളർത്തിയ നിലയിൽ വിവിധ ഉയരത്തിലുള്ള പത്ത് ചെടികൾ കണ്ടെത്തിയത്. ഇല ഉണക്കി ഷിബു സ്വയം ഉപയോഗിക്കുകയും സ്കൂൾ വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് വില്പന നടത്തുകയും ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ വിത്തുകളും കണ്ടെടുത്തു.