100 രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ കേസിൽ പ്രതിക്ക് 22 വർഷങ്ങൾക്ക് ശേഷം ശിക്ഷ
കൊല്ലം: 100 രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ കേസിൽ പ്രതിക്ക് 22 വർഷങ്ങൾക്ക് ശേഷം ശിക്ഷ. 2001 ഫെബ്രുവരി 23ന് കൊല്ലം ബീച്ചിൽ അറസ്റ്റിലായ മനയിൽകുളങ്ങര, മിനി ഭവനിൽ മദനൻപിള്ളയെയാണ് (69) അഞ്ച് വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും വിധിച്ച് കൊല്ലം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
പള്ളിത്തോട്ടം എസ്.എച്ച്.ഒ ആയിരുന്ന കെ. അശോക് കുമാർ 2001 ഫെബ്രുവരി 23ന് കൊല്ലം വാടിയിൽ കള്ളനോട്ട് കൈമാറാൻ ശ്രമിച്ച സുകുമാരൻ, സുരേഷ്കുമാർ, പരമേശ്വരൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാടിയിൽനിന്ന് അന്ന് ഓടി രക്ഷപ്പെട്ട മദനൻ പിള്ളയെ അറസ്റ്റ് ചെയ്തത്. കൊല്ലം സി.ബി.സി.ഐ.ഡി യൂനിറ്റ് അന്വേഷണം നടത്തിയ കേസിൽ ഡിവൈ.എസ്.പി എസ്. ഷിഹാബുദ്ദീനാണ് കുറ്റപത്രം ഹാജരാക്കിയത്.