ഇരവിപുരം: മാതാവിനെ കടിച്ച നായയെ കൊന്ന സംഭവവുമായി ബന്ധപ്പെട്ട് വയലിൽ മാടൻനട ക്ഷേത്രത്തിന് സമീപം വയലിൽ വീട്ടിൽ ചന്തു, ചിന്തു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ മാതാവായ പത്മിനി (54) കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11ഓടെ റോഡിലൂടെ നടന്നുപോകവെ സമീപത്തെ അനീഷ എന്നയാളുടെ വീട്ടിൽ വളർത്തുന്ന നായ് കടിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവരുടെ മക്കൾ അനീഷയുടെ വീട്ടുവളപ്പിൽ കയറി നായയെ അടിച്ചുകൊന്ന് കുഴിച്ചിട്ടത്.
മൃഗ സ്നേഹികളുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ്, കുഴിച്ചിട്ട നായുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ല മൃഗാശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാണെന്ന് പരാതിയുമുണ്ട്. ഏതാനും ദിവസം മുമ്പ് ഇതിനടുത്ത് പതിനഞ്ചോളം കോഴികളെ നായ്ക്കൾ കൊന്നിരുന്നു.