തൃശൂർ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവിനെയാണ് തൃശൂർ മൂന്നാം അഡീഷണൽ ജില്ല സെഷൻസ് ജഡ്ജി ടി.കെ. മിനിമോൾ ശിക്ഷിച്ചത്. 2013 ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം.
അട്ടപ്പാടിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന നാല് കിലോ കഞ്ചാവ് തൃശൂർ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു വർഗീസിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ ചെറുതുരുത്തിയിൽ നിന്നാണ് പിടികൂടിയത്. വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഓഫിസ് അന്വേഷിച്ച കേസില്‍ ഇന്‍സ്പെക്ടറായിരുന്ന പി.എം. മുഹമ്മദ് റിയാസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും ആറ് സാക്ഷികളെ വിസ്തരിച്ചു. സിവില്‍ എക്സൈസ് ഓഫിസറായ വി.എം. ഹരീഷാണ് പ്രോസിക്യൂഷന് നടപടികൾ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഭിഭാഷകരായ പി.ആര്. വിഷ്ണുദത്തന്, സി.ജെ. അമല്‍, ആസാദ് സുനില്‍ എന്നിവര്‍ ഹാജരായി.