ലഹരി വിരുദ്ധ ദിനം ആചരിച്ച് കോട്ടയം ജില്ല

രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയാൻ ജില്ലയിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പയിൻ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തി വിപുലമാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത് .

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ കെ.പി മോഹന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫെഡറൽ ബാങ്ക് പുതുപ്പള്ളി ശാഖ മേധാവി മരിയ എലിസബത്ത് പോൾ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി.

ചടങ്ങിൽ ഡോൺ ബോസ്‌കോ സ്‌കൂൾ മാനേജർ ഫാദർ ദേവസി ചിറയ്ക്കൽ അധ്യക്ഷനായി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് മുഖ്യാതിഥിയായി. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. രാജേഷ് , ബ്ലോക്ക് പഞ്ചായത്തംഗം സാബു പുതുപ്പറമ്പിൽ, ഡോൺ ബോസ്‌കോ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കുറുവന്മാക്കേൽ, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിനു വിജയൻ എന്നിവർ പങ്കെടുത്തു.

Leave A Reply