ഷൊർണൂർ: വാണിയംകുളം പനയൂരിലും പരിസര പ്രദേശങ്ങളിലും കവർച്ച പതിവാകുന്നു. റബർ എസ്റ്റേറ്റിലെ ഷെഡുകളിലും പൊതു കിണറിലും സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് പ്രധാനമായി കവർച്ച പോകുന്നത്. ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാണിയംകുളം പനയൂരിൽ കവർച്ച തുടർക്കഥയാവാൻ തുടങ്ങിയിട്ട് മാസങ്ങളായി. പനയൂർ വായനശാല പരിസരത്തെ ജലധാര കുടിവെള്ള പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ച് നൽകിയ മോട്ടോറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പനയൂർ വായനശാല പ്രദേശത്തെ നൂറ്റി എൺപത്തി അഞ്ച് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുന്നാത്തുപടി പൊതുകിണറിൽ സ്ഥാപിച്ച മോട്ടോറാണ് മോഷ്ടാക്കൾ കവർന്നത്.
കഴിഞ്ഞ ഒരു മാസം കൊണ്ട് സമീപപ്രദേശങ്ങളിലെ റബ്ബർ എസ്റ്റേറ്റുകളിലും വീടുകളിലും മോഷണം നടന്നിരുന്നു. മൂന്നുമാസം മുൻപ് സമീപ പ്രദേശത്ത് നിർമ്മാണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ കിണിറിന്റെ മോട്ടോർ മോഷണം പോയിരുന്നു. റബ്ബർ എസ്റ്റേറ്റുകളിലെ ഡിഷുകൾ, ഷീറ്റടിക്കുന്ന മെഷീനിന്റെ ചക്രങ്ങൾ തുടങ്ങിയവയും മോഷണം പോയതിനെ തുടർന്ന് ടാപ്പിങ്ങ് തൊഴിലാളികൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞില്ല.