‘ലക്ഷ്യം വെച്ചത് ശ്രീലക്ഷ്മിയെ’; കൊലയിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലെ ദേഷ്യം

തിരുവനന്തപുരം: വർക്കലയിൽ വിവാഹദിവസം വധുവിന്റെ പിതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം. അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ഇവർ ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ശ്രീലക്ഷ്മിയെയും വീട്ടിൽ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികൾ ആക്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവിന് അടിയേറ്റത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധു പറയുന്നു.

ഇന്ന് വിവാഹം നടക്കാനിരുന്നു വീട്ടിൽ കയറിയായിരുന്നു അരുംകൊല. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജുവിന്റെ കൊലപാതകം. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ സുഹൃത്ത് ജിഷ്ണു ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിലായി. പ്രണയത്തകർച്ചയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

Leave A Reply