ബിജെപി കേരള ഘടകത്തിലെ പുതിയ ഗ്രൂപ്പ് പോരിന് തെളിവായി ‘ഫ്ലക്‌സ് യുദ്ധം’ അരങ്ങേറി . ഇന്ന് തിരുവനന്തപുരത്തെത്തുന്ന ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സ്വാഗതം ചെയ്യുന്ന ഫ്ലക്‌സുകളിലാണ് പുതിയ ചേരികളുടെ വരവറിയിച്ചത് .
വി മുരളീധരൻ–- കെ സുരേന്ദ്രൻ ചേരിയാണ് ‘ഔദ്യോഗികമെന്നറിയപ്പെട്ടിരു
മുരളീധരനുമായി അകന്ന കെ സുരേന്ദ്രന്റെയും -വി വി രാജേഷിന്റെയും നേതൃത്വത്തിലാണ് പുതിയ ചേരി. പുതിയ ഗ്രൂപ്പിന്റെ ഫ്ലക്‌സിൽ മുരളീധരനു പകരം കുമ്മനം രാജശേഖരൻ ഇടംപിടിച്ചു. വി മുരളീധരന്റെ ‘വലംകൈ’ ആയാണ് കെ സുരേന്ദ്രനും വി വി രാജേഷും അറിയപ്പെട്ടിരുന്നത്.
ഇവരിപ്പോൾ മുരളീധരനെ ഒതുക്കാൻ ശ്രമിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന . സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പല പരിപാടികളിലും വി മുരളീധരനെ പങ്കെടുപ്പിക്കാറില്ല. മുരളീധരൻ സംഘടിപ്പിച്ച പരിപാടികളിൽ നിന്ന് സുരേന്ദ്രനെയും വി വി രാജേഷിനെയും ഒഴിവാക്കുന്നു .
തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങളിലൊന്നിൽ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വി മുരളീധരൻ. തിരുവനന്തപുരത്ത് ‘അപ്രതീക്ഷിത’ സ്ഥാനാർഥി വന്നാൽ മുരളീധരൻ ആറ്റിങ്ങലിലേക്ക് മാറും. കഴിഞ്ഞതവണ ആറ്റിങ്ങലിൽ മത്സരിച്ച ശോഭ സുരേന്ദ്രനെ ജില്ലയിൽനിന്ന് ഒഴിവാക്കാനാണ് നീക്കം.
മോദി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജെ പി നദ്ദ തിരുവനന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ പ്രവർത്തകരുടെ യോഗം ഉൾപ്പെടെ വിവിധ പരിപാടികളിൽ നന്ദ പങ്കെടുക്കും. നദ്ദയുടെ പരിപാടിക്ക് ആളെക്കൂട്ടാൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളിൽ നിന്ന് വി മുരളീധരനെ ഒഴിവാക്കിയിരുന്നു.
കെ സുരേന്ദ്രനെ വീണ്ടും സംസ്ഥാന പ്രസിഡന്റ് ആക്കരുതെന്ന എതിർപക്ഷത്തിന്റെ ആവശ്യം ദേശീയ നേതൃത്വത്തിനു മുന്നിലുണ്ട്. ഈ വിഷയമുൾപ്പെടെ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്‌ചയിൽ മറുവിഭാഗം നേതാക്കൾ ഉന്നയിച്ചേക്കും.
വിഭാഗീയത രൂക്ഷമായ സംസ്ഥാന ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ആർഎസ്‌എസ് നേതൃത്വവും ആവശ്യപ്പെട്ടു. സുരേന്ദ്രന്റെയും കൃഷ്‌ണദാസിന്റെയും നേതൃത്വത്തിൽ രണ്ടുപക്ഷമായി നിൽക്കുന്ന സംസ്ഥാന ഘടകത്തിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കാര്യക്ഷമമായി പ്രവർത്തിക്കാനാകില്ലെന്നും ആർ എസ് എസ് ബിജെപിനേതാക്കളെ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പുവരുന്ന സാഹചര്യത്തിൽ നേതൃമാറ്റം നടത്തിയാൽ പ്രവർത്തനം സ്‌തംഭിക്കുമെന്നും പിന്നീടാകാമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ നിലപാട്.
കൊച്ചിയിൽ രണ്ടുദിവസത്തെ സംസ്ഥാന നേതൃയോഗം ആരംഭിക്കുന്നതിന് മുന്നോടിയായി ആർഎസ്‌എസ് ആസ്ഥാനത്തെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനോടും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനോടുമാണ് സഹ സർ കാര്യവാഹക് അരുൺകുമാർ ഉൾപ്പടെയുള്ള ആർഎസ്‌എസ് നേതാക്കൾ നിലപാട് വിശദീകരിച്ചത്.
ആർഎസ്‌എസ് വാർഷികയോഗത്തിന് മുന്നോടിയായി ബിജെപി നേതാക്കൾ ആർഎസ്‌എസ് ആസ്ഥാനത്ത് എത്തുന്നത് പതിവാണെങ്കിലും ഇത്തവണത്തെ സന്ദർശനത്തിന് പ്രാധാന്യമുണ്ടായിരുന്നു. ആർഎസ്‌എസ് കടുത്ത അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്ന പശ്‌ചാത്തലത്തിലാണ് ബി എൽ സന്തോഷും മുരളീധരനും പ്രത്യേകം ചർച്ച നടത്തിയത്.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റണമെന്ന് ആർഎസ്‌എസ് നേരത്തേതന്നെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നെങ്കിലും മുരളീധരനും സന്തോഷുമാണ് ഇതുവരെയും സുരേന്ദ്രന് പിന്തുണ നൽകി സംരഷിച്ചിരുന്നത് . ഇവരുടെ ഇനിയുള്ള നീക്കങ്ങൾ കണ്ടറിയണം .