നിക്ഷേപത്തട്ടിപ്പ്; പ്രവീണ്‍ റാണയെ കുന്നംകുളത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

തൃശൂർ: നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിധി കമ്പനി ചെയര്‍മാന്‍ പ്രവീണ്‍ റാണയെ കുന്നംകുളം പോലീസ് കുന്നംകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രവീണ്‍ റാണയെ കുന്നംകുളത്തെത്തിച്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റാണയെ കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

കുന്നംകുളം തൃശ്ശൂര്‍ റോഡിലെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് എന്ന സ്ഥാപനത്തിലും പണം നിക്ഷേപിച്ച സ്ഥലങ്ങളിലും പ്രതിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തും. അതേസമയം, സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമാണ് താന്‍ പ്രതിസന്ധി നേരിടേണ്ടിവന്നതെന്ന് പ്രവീണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമ്പനിയില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പീച്ചി ചുവന്നമണ്ണ് സ്വദേശിനി പുതുശേരി വീട്ടില്‍ ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂര്‍ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി തട്ടിപ്പുകള്‍ പുറത്തായത്. സിറ്റി പോലീസ് കമീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം പൊള്ളാച്ചിയിലെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

Leave A Reply