കോഴിക്കോട് നഗരത്തിൽ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ തീപിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി
കോഴിക്കോട്: നഗരത്തിൽ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ തീപിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. ദേശീയപാതയിൽ നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം തൻവീർ കോംപ്ലക്സിലെ മിൽമ ഷോപ്പിലാണ് വ്യാഴാഴ്ച രാവിലെ 11ഓടെ തീപടർന്നത്. ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെയാണ് തീപിടിത്തം. ഷോപ്പിന്റെ മേൽതട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരും ജീവനക്കാരൻ സുരേഷ് കുമാറുമടക്കം പുറത്തേക്കോടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.
ഷോപ്പിങ് കോംപ്ലക്സ് മുഴുവൻ പുകനിറഞ്ഞതോടെ മുകൾനിലകളിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളടക്കം പുറത്തേക്കോടി. പരിഭ്രാന്തിക്കിടെ ഇംഗ്ലീഷ് പള്ളി ഭാഗത്ത് ഗതാഗത തടസ്സവുമുണ്ടായി. നരിക്കുനി സ്വദേശി രതീഷാണ് കട നടത്തുന്നത്. മിൽമ ഷോപ്പ് പൂർണമായി കത്തി. ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി. സതീശിന്റെ നേതൃത്വത്തിൽ മൂന്ന് യൂനിറ്റ് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്.