പുനലൂർ: പട്ടണത്തിൽ തെരുവുനായ്കളുടെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. കഴിഞ്ഞ ദിവസം പൊലീസുകാരനെയടക്കം ഏഴുപേരെ തെരുവ്നായ് കടിച്ചു. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പോയിൻറ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ കോൺസ്റ്റബിൾ, കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തിലും കച്ചേരി റോഡിലുമാണ് കൂടുതൽ പേർ ആക്രമണത്തിനിരയായത്.
കടിയേറ്റവർ പേവിഷബാധ പ്രതിരോധ കുത്തിവെപ്പിനായി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും മരുന്നില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കം ആശുപത്രികളിലേക്ക് റഫർ ചെയ്തു. ഒരു മാസത്തിലധികമായി താലൂക്ക് ആശുപത്രിയിൽ പേവിഷബാധ പ്രതിരോധ മരുന്നില്ലാത്തത് കിഴക്കൻ മേഖലയിലുള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
പട്ടണത്തിൽ ചെമ്മന്തൂർ ബസ്റ്റാൻഡ് പരിസരം, മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ, എം.എൽ.എ റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങിയ ജനബാഹുല്യമുള്ള എല്ലായിടവും തെരുവ് നായ്ക്കളുടെ ആവാസകേന്ദ്രമാണ്. നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ആറുമാസം മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ വന്ധ്യംകരിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും മൃഗസ്നേഹികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ലക്ഷ്യംകണ്ടില്ല.