ശാസ്താംകോട്ട: കുന്നത്തൂർ ആർ.ടി ഓഫിസിന് കീഴിലെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു. അമ്പതോളം വാഹനങ്ങൾ പങ്കെടുത്തു. പരിശോധനയും ബോധവത്കരണ ക്ലാസും ജോയന്റ് ആർ.ടി.ഒ ആർ. ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും ആയമാർക്കും ക്ലാസ് സംഘടിപ്പിച്ചു. ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ച ബസുകൾക്ക് സ്റ്റിക്കർ പതിച്ചു. കുട്ടികൾ യാത്ര ചെയ്യുന്ന ബസിന്റെ വിവരങ്ങൾ രക്ഷകർത്താക്കൾക്ക് മനസ്സിലാക്കാനുള്ള വിദ്യവാഹൻ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ രക്ഷകർത്താക്കൾക്ക് നിർദേശം നൽകണമെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു. അടുത്ത ബുധനാഴ്ചയും പരിശോധനയുണ്ടാകുമെന്ന് അറിയിച്ചു.
മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ഡി. വേണുകുമാർ, ഷാജഹാൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജി. അനിൽകുമാർ, ഹരികുമാർ എന്നിവർ പരിശോധനയും ക്ലാസും നയിച്ചു.